സാക്രമെന്‍റോ: ഖത്തര്‍ എയര്‍വെയ്സ് വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ മാംസാഹാരം കഴിച്ച് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ എയര്‍ലൈന്‍സിനെതിരേ കേസ് ഫയല്‍ ചെയ്ത് കുടുംബം. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത സസ്യാഹാരം നല്‍കിയില്ലെന്നും വൈദ്യസഹായം വൈകിയെന്നുമാണ് ആരോപണം.
2023ല്‍ ഓഗസ്ററ് മൂന്നിന് ലോസ് ഏഞ്ചലസില്‍ നിന്നു കൊളംബോയിലേക്കു പോകുകയായിരുന്ന വിമാനയാത്രയ്ക്കിടയിലായിരുന്നു സംഭവം. കാലിഫോര്‍ണിയയിലെ കാര്‍ഡിയോളജിസ്ററ് ഡോക്റ്റര്‍ അശോക ജയവീര സസ്യാഹാരം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല.
ശേഷം മാംസാഹാരം കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ നില മോശമായി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി അണുബാധയ്ക്കു കാരണമായതാണ് മരണകാരണം.
ജീവനക്കാരുടെ അശ്രദ്ധ മൂലം മരണപ്പെട്ടതിന് നഷ്ടപരിഹാരമായി ഏറ്റവും കുറഞ്ഞ തുക 1,28,821 ഡോളര്‍ എയര്‍ലൈന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഈ സംഭവം ഭക്ഷണ നിയന്ത്രണത്തെപ്പറ്റിയും എയര്‍ലൈന്‍ പ്രോട്ടോകോളുകളെപ്പറ്റിയും യാത്രക്കാര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

Comments: